(68) കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു.
(69) ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
(70) ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചത് നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനത്രെ.
(71) സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ. എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
(72) (അവരോട്) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത!
(73) തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.
(74) അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!