(89) ആര്‍ നന്‍മയും കൊണ്ട് വന്നോ അവന് (അന്ന്) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍ നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും.
(90) ആര്‍ തിന്‍മയും കൊണ്ട് വന്നുവോ അവര്‍ നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?
(91) (നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്‍റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്‍റെതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു.
(92) ഖുര്‍ആന്‍ ഓതികേള്‍പിക്കുവാനും (ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.) ആകയാല്‍ വല്ലവരും സന്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാന്‍ മുന്നറിയിപ്പുകാരില്‍ ഒരാള്‍ മാത്രമാകുന്നു.
(93) പറയുക: അല്ലാഹുവിന് സ്തുതി. തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കവ മനസ്സിലാകും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല.
القصص Al-Qasas
(1) ത്വാ-സീന്‍-മീം.
(2) സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
(3) വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു.
(4) തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.
(5) നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.