(36) കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും ചെയ്യും.
(37) ഇവന്‍റെ മേല്‍ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ് എന്നവര്‍ ചോദിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാന്‍ കഴിവുള്ളവനാണ്. പക്ഷെ, അവരില്‍ അധികപേരും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല.
(38) ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.
(39) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.
(40) (നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.
(41) ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങള്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും.
(42) നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി.
(43) അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത് ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.
(44) അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.