(32) അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം?
(33) സത്യവും കൊണ്ട് വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍.
(34) അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം.
(35) അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്ന് ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയും. അവര്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായതനുസരിച്ച് അവര്‍ക്കവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.
(36) തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
(37) വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?
(38) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
(39) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക് അറിയുമാറാകും;
(40) അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്.