(28) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക
(29) നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
(30) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
(31) ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.
(32) നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.
(33) അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
(34) അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.
(35) നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും.
(36) നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.
(37) നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച.
(38) അവയില്‍ (മേല്‍പറഞ്ഞ കാര്യങ്ങളില്‍) നിന്നെല്ലാം ദുഷിച്ചത് നിന്‍റെ രക്ഷിതാവിങ്കല്‍ വെറുക്കപ്പെട്ടതാകുന്നു.