(41) എന്‍റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.
(42) ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
(43) നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു.
(44) എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്‍റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
(45) അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.
(46) നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്‍പിക്കപ്പെടും)
(47) നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
(48) അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു.
(49) നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ.