(73) അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്.
(74) ലൂത്വിന് നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കുകയുണ്ടായി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (നാട്ടുകാര്‍) ധിക്കാരികളായ ഒരു ദുഷിച്ച ജനതയായിരുന്നു.
(75) നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ നാം ഉള്‍പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.
(76) നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
(77) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു.
(78) ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക.) ഒരു ജനവിഭാഗത്തിന്‍റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്നത്തില്‍ അവര്‍ രണ്ട് പേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു.
(79) അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്.
(80) നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്ക് വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?
(81) സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും (നാം കീഴ്പെടുത്തികൊടുത്തു.) നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്‍റെ കല്‍പനപ്രകാരം അത് (കാറ്റ്) സഞ്ചരിച്ച് കൊണ്ടിരുന്നു. എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു.