(16) വഴിയെ (അവന്‍റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്.
(17) ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം.
(18) അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.
(19) എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.
(20) അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു.
(21) അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:
(22) നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.
(23) അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.
(24) ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത് എന്ന്.
(25) അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു.
(26) അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.
(27) അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.
(28) അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ? എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്?
(29) അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.
(30) അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു.
(31) അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.
(32) നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.
(33) അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!
(34) തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്.
(35) അപ്പോള്‍ മുസ്ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ?
(36) നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്?
(37) അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട് നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ?
(38) നിങ്ങള്‍ (യഥേഷ്ടം) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അതില്‍ (ആ ഗ്രന്ഥത്തില്‍) വന്നിട്ടുണ്ടോ?
(39) അതല്ല, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ എത്തുന്ന - നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട് നാം ബാധ്യതയേറ്റതായി ഉണ്ടോ?
(40) അവരില്‍ ആരാണ് ആ കാര്യത്തിന് ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത് എന്ന് അവരോട് ചോദിച്ചു നോക്കുക.
(41) അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്‍മാരാണെങ്കില്‍.
(42) കണങ്കാല്‍ വെളിവാക്കപ്പെടുന്ന (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.