(125) ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന് തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന് ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.
(126) നിന്റെ രക്ഷിതാവിന്റെ നേരായ മാര്‍ഗമാണിത്. ശ്രദ്ധിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
(127) അവര്‍ക്ക് അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ സമാധാനത്തിന്റെ ഭവനമുണ്ട്. അവന് അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമത്രെ അത്.
(128) അവരെയെല്ലാം അവന് (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന് പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന് പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
(129) അപ്രകാരം ആ അക്രമികളില്‍ ചിലരെ ചിലര്‍ക്ക് നാം കൂട്ടാളികളാക്കുന്നു. അവര്‍ സമ്പാദിച്ച് കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്.
(130) ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്മാര് നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.
(131) നാട്ടുകാര്‍ (സത്യത്തെപ്പറ്റി) ബോധവാന്‍മാരല്ലാതിരിക്കെ അവര്‍ ചെയ്ത അക്രമത്തിന്റെ പേരില്‍ നിന്റെ രക്ഷിതാവ് നാടുകള്‍ നശിപ്പിക്കുന്നവനല്ല എന്നതിനാലത്രെ അത് (ദൂതന്മാരെ അയച്ചത്)