(9) ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്.
(10) നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു.
(11) (നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ.
(12) ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
(13) അവന്‍റെതാകുന്നു രാത്രിയിലും പകലിലും അടങ്ങിയതെല്ലാം. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
(14) പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്.
(15) പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
(16) അന്നേ ദിവസം ആരില്‍ നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം.
(17) (നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ.
(18) അവന്‍ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍.