(34) അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.
(35) ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുക്കല്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥന ചൂളംവിളിയും കൈകൊട്ടലുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിനാല്‍ നിങ്ങള്‍ സത്യനിഷേധം കൈക്കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.
(36) തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്.
(37) അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
(38) സത്യനിഷേധികളോട്, അവര്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവര്‍ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ.
(39) കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
(40) എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!