(135) നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല.
(136) നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു.
(137) നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
(138) അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്.
(139) (നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു.
(140) അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
(141) അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.