(179) ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
(180) അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.
(181) സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്.
(182) എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്.
(183) അവര്‍ക്കു ഞാന്‍ ഇടകൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്‍റെ തന്ത്രം സുശക്തമാണ്.
(184) അവര്‍ ചിന്തിച്ച് നോക്കിയില്ലേ: അവരുടെ കൂട്ടുകാരന് (മുഹമ്മദ് നബിക്ക്) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത് നല്‍കിക്കൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമാണ്.
(185) ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുര്‍ആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?
(186) ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കാന്‍ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിച്ചുകൊള്ളാന്‍ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്.
(187) അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.