(50) (നബിയേ,) നീ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
(51) അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും) അപ്പോള്‍, ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത് ? നീ പറയുക അത് അടുത്ത് തന്നെ ആയേക്കാം.
(52) അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
(53) നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു.
(54) നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
(55) നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു.
(56) (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
(57) അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
(58) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.