(76) തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.
(77) നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
(78) സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.
(79) രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം.
(80) എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക.
(81) സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.
(82) സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല.
(83) നാം മനുഷ്യന്ന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും, അവന്‍റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും.
(84) പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു.
(85) നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.
(86) തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.