(59) ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്. അതില്‍ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല.
(60) നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
(61) അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
(62) അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്‍മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?
(63) അപ്രകാരം തന്നെയാണ് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവര്‍ (സന്‍മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്.
(64) അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
(65) അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.
(66) (നബിയേ,) പറയുക: എന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് തെളിവുകള്‍ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന് ഞാന്‍ കീഴ്പെടണമെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.