(62) (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
(63) നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).
(64) എന്നിട്ടതിന് ശേഷവും നിങ്ങള്‍ പുറകോട്ട് പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു.
(65) നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.
(66) അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി.
(67) അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.
(68) (അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക.
(69) അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്.