(24) അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്.
(25) അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെയും എന്‍റെ സഹോദരന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ.
(26) അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തം വിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്.
(27) (നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ
(28) എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.
(29) എന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.
(30) എന്നിട്ട് തന്‍റെ സഹോദരനെ കൊല്ലുവാന്‍ അവന്‍റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു.
(31) അപ്പോള്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു.