(67) മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.
(68) അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന് അതിനോട് അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു.
(69) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെ നേര്‍ക്ക് നീ നോക്കിയില്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത് എന്ന്.
(70) വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെ അയച്ചത് എന്തൊരു ദൌത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍. എന്നാല്‍ വഴിയെ അവര്‍ അറിഞ്ഞു കൊള്ളും.
(71) അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം.
(72) ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും.
(73) പിന്നീട് അവരോട് പറയപ്പെടും: നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ എവിടെയാകുന്നു?
(74) അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.
(75) ന്യായമില്ലാതെ നിങ്ങള്‍ ഭൂമിയില്‍ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയും, ഗര്‍വ്വ് നടിച്ചിരുന്നതിന്‍റെയും ഫലമത്രെ അത്.
(76) നരകത്തിന്‍റെ കവാടങ്ങളിലൂടെ അതില്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടം ചീത്ത തന്നെ. (എന്ന് അവരോട് പറയപ്പെടും.)
(77) അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍ നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷയില്‍ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും (അതിന്നിടക്കു തന്നെ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നത്.