(12) നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.
(13) അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
(14) ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.