(19) അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.
(20) ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)
(21) തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)
(22) ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
(23) നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
(24) തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.
(25) അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്‍മാര്‍ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.
(26) പിന്നീട് നിഷേധിച്ചവരെ ഞാന്‍ പിടികൂടി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!
(27) നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്.
(28) മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(29) തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.
(30) അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.