الإسراء Al-Israa
(1) തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
(2) മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം).
(3) നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.
(4) ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്.
(5) അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.
(6) പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
(7) നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്‍റെ ദോഷവും) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ (ആ രണ്ട് സന്ദര്‍ഭങ്ങളില്‍) അവസാനത്തേതിന് നിശ്ചയിച്ച (ശിക്ഷയുടെ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത് പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും (നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്.)