(14) അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.
(15) അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.)
(16) (നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്‍റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു.
(17) അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.
(18) തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്‍റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!