(80) (അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
(81) അവര്‍ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര്‍ നിന്‍റെ അടുക്കല്‍ നിന്ന് പുറത്ത് പോയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങള്‍ പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു. അവര്‍ രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു മതി.
(82) അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
(83) സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.
(84) എന്നാല്‍(നബിയേ,) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.
(85) വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
(86) നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്‍റെയും കണക്ക് നോക്കുന്നവനാകുന്നു.