(48) മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചു മറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്‍റെ കാര്യം വിജയിക്കുകയും ചെയ്തു.
(49) എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.
(50) നിനക്ക് വല്ല നന്‍മയും വന്നെത്തുന്ന പക്ഷം അതവരെ ദുഃഖിതരാക്കുകയും നിനക്ക് വല്ല ആപത്തും വന്നെത്തുന്ന പക്ഷം ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പുതന്നെ സൂക്ഷിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുകയും ആഹ്ലാദിച്ചു കൊണ്ട് അവര്‍ പിന്തിരിഞ്ഞ് പോകുകയും ചെയ്യും.
(51) പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്.
(52) പറയുക: (രക്തസാക്ഷിത്വം, വിജയം എന്നീ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്‍റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്.
(53) പറയുക: നിങ്ങള്‍ അനുസരണത്തോടെയോ വെറുപ്പോടെയോ ചെലവഴിച്ച് കൊള്ളുക. (എങ്ങനെയായാലും) നിങ്ങളുടെ പക്കല്‍ നിന്നത് സ്വീകരിക്കപ്പെടുന്നതേയല്ല. തീര്‍ച്ചയായും നിങ്ങള്‍ ധിക്കാരികളായ ഒരു ജനവിഭാഗമായിരിക്കുന്നു.
(54) അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്.