(78) നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്. അസത്യവാദികള്‍ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.
(79) അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചു തന്നവന്‍. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിന് വേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
(80) നിങ്ങള്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.
(81) അവന്‍റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ എതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?
(82) എന്നാല്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് കാണാന്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയില്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങള്‍ കൊണ്ടും ഏറ്റവും പ്രബലന്‍മാരുമായിരുന്നു. എന്നിട്ടും അവര്‍ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക് പ്രയോജനപ്പെട്ടില്ല.
(83) അങ്ങനെ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ പക്കലുള്ള അറിവുകൊണ്ട് അവര്‍ തൃപ്തിയടയുകയാണ് ചെയ്തത്. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അത് (ശിക്ഷ) അവരെ വലയം ചെയ്യുകയുമുണ്ടായി.
(84) എന്നിട്ട് നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട് ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ (ദൈവങ്ങളില്‍) ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
(85) എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.