(38) അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
(39) അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
(40) നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
(41) അവര്‍ക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികള്‍ക്കു പ്രതിഫലം നല്‍കുന്നത്.
(42) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(43) അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.