(41) തീര്‍ച്ചയായും നാം മനുഷ്യര്‍ക്ക് വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെ മേല്‍ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അത് അവന്‍റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാല്‍ അവന്‍ വഴിപിഴച്ചു പോകുന്നതിന്‍റെ ദോഷവും അവന് തന്നെ. നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.
(42) ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
(43) അതല്ല, അല്ലാഹുവിനു പുറമെ അവര്‍ ശുപാര്‍ശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍ (ശുപാര്‍ശക്കാര്‍) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും (അവരെ ശുപാര്‍ശക്കാരാക്കുകയോ?)
(44) പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.
(45) അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു.
(46) പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെ ദാസന്‍മാര്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെയാണ് വിധികല്‍പിക്കുന്നത്.
(47) ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെ അധീനത്തില്‍ ഉണ്ടായിരുന്നാല്‍ പോലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അതവര്‍ പ്രായശ്ചിത്തമായി നല്‍കിയേക്കും. അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും.