(112) പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
(113) ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.
(114) ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.
(115) ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(116) തീര്‍ച്ചയായും അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
(117) തീര്‍ച്ചയായും പ്രവാചകന്‍റെയും, ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു.