(88) അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?)
(89) നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
(90) അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അത് മൂലം നിങ്ങള്‍ നഷ്ടക്കാരായിരിക്കും.
(91) അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത് കമിഴ്ന്നു വീണു കിടക്കുകയായിരുന്നു.
(92) ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.
(93) അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം.?
(94) ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്.
(95) പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.