(98) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!
(99) ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!
(100) വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍ ചിലതത്രെ അത്. നാമത് നിനക്ക് വിവരിച്ചുതരുന്നു. അവയില്‍ (ആ രാജ്യങ്ങളില്‍) ചിലതു നിലനില്‍ക്കുന്നുണ്ട്. ചിലത് ഉന്‍മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
(101) നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്.
(102) വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്.
(103) പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. സര്‍വ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്. (സര്‍വ്വരുടെയും) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്.
(104) നിര്‍ണിതമായ ഒരു അവധിവരെ മാത്രമാണ് നാമത് നീട്ടിവെക്കുന്നത്.
(105) ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും.
(106) എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.
(107) ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം () അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.
(108) എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്.