(25) ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.
(26) പരമകാരുണികന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു.അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു.
(27) അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു
(28) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
(29) അവരുടെ കൂട്ടത്തില്‍ ആരെങ്കിലും ഞാന്‍ അവന്ന് (അല്ലാഹുവിന്) പുറമെയുള്ള ദൈവമാണെന്ന് പറയുന്ന പക്ഷം അവന്ന് നാം നരകം പ്രതിഫലമായി നല്‍കുന്നതാണ്. അപ്രകാരമത്രെ അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
(30) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?
(31) ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ (പര്‍വ്വതങ്ങളില്‍) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
(32) ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്. അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.
(33) അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
(34) (നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?
(35) ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.