(10) അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.
(11) അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
(12) അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
(13) അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്.
(14) സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(15) നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്.
(16) അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.
(17) നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.
(18) അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍.