(87) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു.
(88) (നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും.
(89) തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.
(90) അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.
(91) അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ.
(92) അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ.
(93) അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ?
(94) ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.
(95) (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.
(96) നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.