(40) തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.
(41) അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.
(42) അല്ലാഹു ആരോട് കരുണ കാണിച്ചുവോ അവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.
(43) തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.
(44) (നരകത്തില്‍) പാപിയുടെ ആഹാരം.
(45) ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും.
(46) ചുടുവെള്ളം തിളയ്ക്കുന്നത് പോലെ
(47) നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കൂ.
(48) അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. (എന്ന് നിര്‍ദേശിക്കപ്പെടും.)
(49) ഇത് ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.
(50) നിങ്ങള്‍ ഏതൊരു കാര്യത്തില്‍ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്.
(51) സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.
(52) തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍
(53) നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്.
(54) അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും.
(55) സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
(56) ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
(57) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം.
(58) നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.
(59) ആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.