(16) അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും.അവര്‍ക്കാണ് കഠിനമായ ശിക്ഷ.
(17) അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം.
(18) അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു.വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.
(19) അല്ലാഹു തന്‍റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍.
(20) വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.
(21) അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.
(22) (പരലോകത്ത് വെച്ച്) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക് കാണാം. അത് (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.