(8) നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്. നരകത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു.
(9) തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
(10) പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.)
(11) മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.
(12) രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
(13) ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും.
(14) നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും)
(15) വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.
(16) ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്‍റെ (രാജ്യത്തിന്‍റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്.
(17) നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ് തന്നെ മതി.