(20) അക്കൂട്ടര്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിക്കാന്‍ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന് പുറമെ അവര്‍ക്ക് രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക് ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അവര്‍ കേള്‍ക്കാന്‍ കഴിയുന്നവരായില്ല. അവര്‍ കണ്ടറിയുന്നവരുമായില്ല.
(21) അത്തരക്കാരാകുന്നു ആത്മനഷ്ടം പറ്റിയവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുകയും ചെയ്തു.
(22) നിസ്സംശയം, അവര്‍ തന്നെയാണ് പരലോകത്തില്‍ ഏറ്റവും നഷ്ടം പറ്റിയവര്‍.
(23) തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
(24) ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?
(25) നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ താക്കീത് നല്‍കുന്നവനാകുന്നു.
(26) എന്തെന്നാല്‍ അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
(27) അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.
(28) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക് തന്നിരിക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് (അത് കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത് ചെയ്യും?) നിങ്ങള്‍ അത് ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന് നിര്‍ബന്ധം ചെലുത്തുകയോ ?