(148) ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
(149) നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു.
(150) അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,
(151) അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.
(152) അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(153) വേദക്കാര്‍ നിന്നോട് ആവശ്യപ്പെടുന്നു; നീ അവര്‍ക്ക് ആകാശത്ത് നിന്ന് ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത് അവര്‍ മൂസായോട് ആവശ്യപ്പെട്ടിട്ടുണ്ട് (അതായത്) അല്ലാഹുവെ ഞങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. മൂസായ്ക്ക് നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.
(154) അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത് നാളില്‍ അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര്‍ നാമവരോട് വാങ്ങുകയും ചെയ്തു.