ص Saad
(1) സ്വാദ്- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
(2) എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.
(3) അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.
(4) അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
(5) ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ
(6) അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.
(7) അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.
(8) ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ? അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.
(9) അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?
(10) അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.
(11) പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്.
(12) അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്,
(13) ഥമൂദ് സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്.) അക്കൂട്ടരത്രെ (സത്യത്തിനെതിരില്‍ അണിനിരന്ന) കക്ഷികള്‍.
(14) ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ (അവരില്‍) അനിവാര്യമായിത്തീര്‍ന്നു.
(15) ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാല്‍) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.
(16) അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്.