(98) അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.
(99) അന്ന്) അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും.
(100) അവിശ്വാസികള്‍ക്ക് അന്നേ ദിവസം നാം നരകത്തെ ശരിയാംവണ്ണം കാണിച്ചുകൊടുക്കുന്നതാണ്.
(101) എന്‍റെ സന്ദേശത്തിന്‍റെ മുമ്പില്‍ ആരുടെ കണ്ണുകള്‍ക്ക് മൂടിവീണ് പോകുകയും അതുകേട്ട് ഗ്രഹിക്കാന്‍ ആര്‍ക്ക് സാധിക്കാതാവുകയും ചെയ്തിരുന്നുവോ അവരത്രെ(ആ അവിശ്വാസികള്‍) .
(102) എനിക്ക് പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.
(103) (നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
(104) ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.
(105) തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല.
(106) അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം.
(107) തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.
(108) അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ട് മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.
(109) (നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി.
(110) (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.