(75) അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്കു എന്‍റെ കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ?
(76) മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.
(77) അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍ക്കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.
(78) അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്‍റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം.
(79) എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.
(80) എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു.
(81) അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.
(82) ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്.
(83) അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം.