(48) അവര്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത് അവരെ വലയം ചെയ്യുകയും ചെയ്യും.
(49) എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത് എന്ന്. പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു. എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.
(50) ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ സമ്പാദിച്ചിരുന്നത് അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല.
(51) അങ്ങനെ അവര്‍ സമ്പാദിച്ചിരുന്നതിന്‍റെ ദൂഷ്യങ്ങള്‍ അവര്‍ക്ക് ബാധിച്ചു. ഇക്കൂട്ടരില്‍ നിന്ന് അക്രമം ചെയ്തിട്ടുള്ളവര്‍ക്കും തങ്ങള്‍ സമ്പാദിച്ചതിന്‍റെ ദൂഷ്യങ്ങള്‍ ബാധിക്കാന്‍ പോകുകയാണ്. അവര്‍ക്ക് (നമ്മെ) തോല്‍പിച്ചു കളയാനാവില്ല.
(52) അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
(53) പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
(54) നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം)നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.
(55) നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക.
(56) എന്‍റെ കഷ്ടമേ, അല്ലാഹുവിന്‍റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്.