(26) അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.
(27) അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.
(28) ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
(29) അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?
(30) അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
(31) ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
(32) (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
(33) ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.
(34) അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.
(35) ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
(36) (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.
(37) എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.
(38) അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു.