(7) എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
(8) അതെങ്ങനെ (നിലനില്‍ക്കും?) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
(9) അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ അവന്‍റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
(10) ഒരു സത്യവിശ്വാസിയുടെ കാര്യത്തിലും കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമകാരികള്‍.
(11) എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.
(12) ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.
(13) തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.