(77) മൂസായ്ക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.
(78) അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.
(79) ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക് നയിച്ചില്ല.
(80) ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ച് തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു.
(81) നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.
(82) പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.
(83) (അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്?
(84) അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്.
(85) അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു.
(86) അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?
(87) അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.