(62) നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്.
(63) വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത് നില്‍ക്കുന്ന പക്ഷം അവന്ന് നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ് വമ്പിച്ച അപമാനം.
(64) തങ്ങളുടെ മനസ്സുകളില്‍ ഉള്ളതിനെപ്പറ്റി അവരെ വിവരമറിയിക്കുന്ന (ഖുര്‍ആനില്‍ നിന്നുള്ള) ഏതെങ്കിലും ഒരു അദ്ധ്യായം അവരുടെ കാര്യത്തില്‍ അവതരിപ്പിക്കപ്പെടുമോ എന്ന് കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചു കൊള്ളൂ. തീര്‍ച്ചയായും നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടു വരുന്നതാണ്.
(65) നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്?
(66) നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്.
(67) കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍.
(68) കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്.