(73) നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.
(74) തങ്ങള്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറയും, തീര്‍ച്ചയായും അവിശ്വാസത്തിന്‍റെ വാക്ക് അവര്‍ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച് കളയുകയും അവര്‍ക്ക് നേടാന്‍ കഴിയാത്ത കാര്യത്തിന് അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. ഭൂമിയില്‍ അവര്‍ക്ക് ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.
(75) അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്.
(76) എന്നിട്ട് അവന്‍ അവര്‍ക്ക് തന്‍റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവര്‍ അതില്‍ പിശുക്ക് കാണിക്കുകയും, അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു.
(77) അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്.
(78) അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?
(79) സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.