(106) വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?
(107) നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
(108) മുമ്പ് മൂസായോട് ചോദിക്കപ്പെട്ടത് പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? സത്യവിശ്വാസത്തിന് പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.
(109) നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
(110) നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന് മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
(111) ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്.
(112) എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.