(74) ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്.
(75) അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
(76) അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്.
(77) അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
(78) അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന് വീണ് കിടക്കുന്നവരായിരുന്നു.
(79) അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
(80) ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.)
(81) സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.